നമ്മുടെ ഓണം

പണ്ട് പണ്ട് മഹാബലി എന്നൊരു മഹാരാജാവ് ഉണ്ടായിരുന്നത്രെ. പുള്ളി ഭയങ്കര പുലിയായിരുന്നു. അക്കാലത്ത്‌ മനുഷ്യരെല്ലാവരും ഒന്നു പോലെയായിരുന്നു. എന്നുവച്ചാൽ എല്ലാവരും സ്നേഹത്തോടെയും സന്തോഷത്തോടെയും വാണിരുന്ന കാലം. വൃത്തിയായി പറഞ്ഞാൽ ഇപ്പോഴത്തെ കാലഘട്ടവുമായി ഒരു ബന്ധവുമില്ല. കള്ളവും ചതിയും പൊളിവചനങ്ങളും ആപത്തുകളും ഒന്നും ഇല്ലായിരുന്ന ആ കാലഘട്ടത്തിൽ എല്ലാവർക്കും സമ്പൽ സമൃദ്ധിയും ഐശ്വര്യവും ആയിരുന്നു.


അസുരരാജാവും വിഷ്ണുഭക്‌തനുമായിരുന്ന പ്രഹ്ലാദന്റെ പേരക്കുട്ടി ആയിരുന്നു മഹാബലി എന്ന നമ്മുടെ പഴയ രാജാവ്. മഹാബലി എന്ന വാക്കിനർത്ഥം ‘വലിയ ത്യാഗം’ ചെയ്‌തവൻ എന്നാണ്‌. നമ്മുടെ രാജാവ് കിടിലമായി രാജ്യം ഭരിച്ചപ്പോൾ ഇതുകണ്ട് ദേവന്മാർ മുട്ടൻ കലിപ്പായി. നമ്മുടെ പഴയ ചരിത്ര കഥകളിൽ എല്ലാം ദേവന്മാരും അസുരന്മാരും ശത്രുക്കൾ ആണെന്നാണ് പറയുന്നത്. അങ്ങനെ മഹാബലിയുടെ ഐശ്വര്യത്തിൽ അസൂയാലുക്കളായ ദേവൻമാർ അസുരരാജാവായ നമ്മുടെ മാവേലിക്കിട്ടൊരു മുട്ടൻ പണി കൊടുക്കാൻ തീരുമാനിച്ചു. അങ്ങനെ ദേവൻമാർ മഹാവിഷ്ണുവിനെ കണ്ടു കാര്യങ്ങൾ ധരിപ്പിച്ചു.

മഹാബലി ‘വിശ്വജിത്ത്‌’ എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്തു മഹാവിഷ്ണു മാവേലിയുടെ അടുത്തെത്തി. നമ്മുടെ മഹാബലി രാജാവിന് ഭയങ്കരമായി ഭിക്ഷ കൊടുക്കുന്ന ശീലമുനായിരുന്നു. വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ മഹാബലിയോട് ആവശ്യപ്പെട്ടു. അങ്ങനെ മഹാബലി മൂന്നടി മണ്ണ്‌ അളന്നെടുക്കാൻ വാമനന്‌ അനുവാദം നൽകി. മഹാവിഷ്ണുവിന്റെ അവതാരമായ വാമനന് ഒരുപാട് കഴിവുണ്ടായിരുന്നു. ആകാശംമുട്ടെ വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ മഹാബലി തന്റെ ശിരസ്സ്‌ കാണിച്ചുകൊടുത്തു. വാമനന്‍ ആ ശിരസ്സില്‍ ചവിട്ടി മഹാബലിയെ പാതാളത്തിലേക്കയച്ചു. കൂടാതെ തന്റെ പ്രിയ ജനതയെ ആണ്ടിലൊരിക്കല്‍ വന്നു കണ്ടുകൊള്ളാന്‍ മഹാബലിക്ക് വാമനന്‍ അവസരവും നൽകി. അങ്ങനെ മാവേലി നമ്മുടെ നാട്ടിലെ പ്രിയ ജനങ്ങളെ കാണാൻ എത്തുന്നുവെന്ന വിശ്വാസത്തോടെയാണ് കേരളീയര്‍ തിരുവോണം ആഘോഷിക്കുന്നത്.


ഇപ്പോൾ കഥ മനസ്സിലായല്ലോ ? ഇനിയും കുറച്ചു ഐതീഹ്യങ്ങൾ ഒക്കെയുണ്ട് അതൊക്കെ ഗൂഗിളിൽ സെർച്ച് ചെയ്‌തു പഠിച്ചോളൂ….

കേരളത്തില്‍ നവവത്സരത്തിന്റെ ആഗമനം കുറിക്കുന്ന മാസമായ ചിങ്ങത്തില്‍ അത്തം നാളില്‍ തുടങ്ങി പത്താം ദിവസമാണ് മലയാളിയുടെ ഏറ്റവും വലിയ ഉത്സവമായ തിരുവോണമെത്തുന്നത് . ഈ പത്തു ദിവസവും വീട്ടുമുറ്റത്ത് പൂക്കളം തീര്‍ക്കുന്ന പതിവുണ്ട്. ഇപ്പോൾ എല്ലാവരും തിരക്കായതുകൊണ്ട് അത്തക്കളം ഇട്ടാൽ ഭാഗ്യം. വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കി, ഓണക്കോടിയൊക്കെ അണിഞ്ഞാണ് ഓണത്തെ മലയാളികൾ വരവേൽക്കുന്നത്. പിന്നെ വള്ളം കളിയും, പുലിക്കളിയും, തിരുവാതിരക്കളിയും അങ്ങനെ കുറെ ആഘോഷങ്ങൾ ഓണത്തിന്റെ ഭാഗമായിട്ടുമുണ്ടാകും. ഈ പരിപാടിയൊക്കെ നമുക്കിപ്പോൾ ടിവിയിൽ കാണാം. പിന്നെ ടിവി കാണാൻ സമയം ഇല്ലാത്ത പയ്യൻസിന് സോഷ്യൽ മീഡിയ വഴി ഓണാഘോഷങ്ങൾ മൊബൈലിലും കാണാം. എന്തായാലും നമ്മുടെ മാവേലി ഈ പ്രാവശ്യം എത്തുന്നത് 2018 ആഗസ്റ്റ് 25 നാണ്. അപ്പോൾ എല്ലാം പറഞ്ഞപോലെ എല്ലാവർക്കും ഹാപ്പി ഓണം…


10 User hits/visits   27 July / Statistics generated using awstats